Sunday, February 13, 2011

ഭൂമിയുടെ കണ്ണീരുകൊണ്ട് മെഴുകിയ നിലം

ജീവിതയാത്രയിലായിരിക്കും പഴയ പാഠപുസ്തകത്തിലെ ചില കഥാപാത്രങ്ങള്‍ നേരില്‍ നമ്മളെ പരിചയപ്പെടാനെത്തുന്നത്. അതുപോലെയാണ് മുന്നില്‍ നിരന്നു നില്‍ക്കുന്ന അരാവലി കുന്നുകള്‍. ഇന്ത്യയുടെ ചരിത്രം, ഭൂമിശാസ്ത്രം, ആവാസ വ്യവസ്ഥ, പരിസ്ഥിതി, എന്നിവയില്‍ അരാവലിക്കുള്ള സ്വാധീനം കേട്ടറിഞ്ഞിട്ടേയുള്ളൂ. അംബരചുംബികളായി നിരന്നു നില്‍ക്കുന്ന ഈ കുന്നുകള്‍ ഓര്‍മയുടെ പുസ്തകതാളുകളില്‍ നിന്നും ഇറങ്ങിവരുന്നു.

രാജസ്ഥാനില്‍ ആബു റോഡ് റെയില്‍വേ സ്റ്റേഷനടുത്ത തെല്‍ഹാട്ടിയിലെത്തിയതായിരുന്നു കേരളത്തിലെ ഏതാനും മാധ്യമ പ്രവര്‍ത്തകര്‍. ഏതാണ്ട് അവിടെ നിന്നുതന്നെയാണ് അരാവലി തുടങ്ങുന്നത്. ലോക കല്‍പിത സര്‍വകലാശാലയായ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആസ്ഥാനവും അവിടെ തന്നെ. ദൈവത്തിന്റെ പ്രതിനിധിയെന്ന് ബ്രഹ്മകുമാരികള്‍ വിശ്വസിക്കുന്ന പ്രജാപിത ബ്രഹ്മയുടെ ആസ്ഥാനമാണ് ഇത് എന്ന് അവര്‍ വിശ്വസിക്കുന്നു. ദൈവം ലോക നന്‍മക്ക് അതിന്റെ പ്രചാചകനെ ഭൂമിയിലേക്ക് ഇറക്കിയത് മൌണ്ട് ആബുവിലാണെന്ന് അവര്‍ വിശ്വസിക്കുന്നു. ദൈവ പുത്രന്് ഇറങ്ങാന്‍ യോജിച്ച സ്ഥലമാണ് ഇത് എന്ന് അപ്പോള്‍ തന്നെ തോന്നി. അത്ര മനോഹരമാണ് ഈ പ്രദേശം. നീണ്ടു നിവര്‍ന്ന് അംബര ചുംബികളായി നില്‍ക്കുന്ന കൂറ്റന്‍ മലനിരകള്‍. ആകാശത്തിലേക്ക് ലക്ഷ്യം വച്ച 'മിസൈല്‍ കുന്നുകള്‍'. ഏതാണ്ട് ഈ കുന്നുകള്‍ക്ക് അപ്പുറത്ത് തന്നെയാണ് പാകിസ്ഥാന്‍ അതിര്‍ത്തി. പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി ലംഘിച്ച് വിമാനങ്ങളും മറ്റും കടന്നുവരുന്നുണ്ടോയെന്ന് അറിയാന്‍ റഡാര്‍ സംവിധാനം ഇവിടെ സ്ഥാപിച്ചിരിക്കുന്നു. അതിന്റെ ചിത്രങ്ങള്‍ ഞങ്ങള്‍ പകര്‍ത്തി. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കുന്നിന്‍ നിരകള്‍. ഉത്തരേന്ത്യയുടെ തണുപ്പൊന്നുമില്ല. ഒരു ഇളം കാറ്റ് മാത്രമാണ് അന്നുണ്ടായത്.

അരാവലിയെന്നാല്‍ കൊടുമുടികളുടെ നിരകള്‍ എന്നാണ് അര്‍ഥം. കൂര്‍ത്ത കുന്നുകളുടെ നിരകള്‍. ഒരു പക്ഷെ ഈജിപ്തിലെ പിരമിഡുകള്‍ പച്ചപ്പണിഞ്ഞ് നിരന്നു നില്‍ക്കുന്നതുപോലെയെന്നാണ് അരാവലിയുടെ അര്‍ഥം. ബ്രഹ്മകുമാരികളുടെ ആസ്ഥാനത്തിന് മുകളിലുണ്ട് ഒരു കൊടുമുടി. ഒരു പര്‍വതം താഴോട്ട് നോക്കുന്നതുപോലെയുള്ള തലയെടുപ്പുണ്ട് അതിന്. ഒരു കൂറ്റന്‍ പാറ. ഏതു സമയത്തും നിലം പതിക്കുമെന്നപോലെ തോന്നും. പക്ഷെ നൂറ്റാണ്ടുകളായി അതവിടെ തന്നെ കിടക്കുകയാണ്. ഇവിടെ തന്നെയാണ് അരാവലിയുടെ ഏറ്റവും ഉയരം കൂടിയ പര്‍വതം. ഗുരുശിഖരം എന്നാണ് അതിന്റെ പേര്. ഒരു പക്ഷെ ബ്രഹ്മകുമാരികളുടെ ആസ്ഥാനമായതുകൊണ്ടായിരിക്കാം ഇതിന് ആ പേര് നല്‍കിയത് എന്നും അനുമാനിക്കപ്പെടുന്നു.

സമുദ്ര നിരപ്പില്‍ നിന്നും 5653 അടി ഉയരത്തിലാണ് അരാവലി പര്‍വത നിരകള്‍. ഇന്ത്യയെയും പാകിസ്ഥാനെയും വിഭജിക്കുന്നത് ഏറിയഭാഗവും ഈ കുന്നുകളാണ്. ഒരു പക്ഷെ 1947^ല്‍ മുസ്ലിംങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കുമ്പോള്‍, ഭരണാധികാരികളുടെ മുന്നില്‍ ഉണ്ടായ ഭൂമി ശാസ്ത്ര പരിധി അരാവലിയായിരിക്കാം.

ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളും പഞ്ചാബ്, സിന്ധ് എന്നീ പാകിസ്ഥാന്‍ പ്രവിശ്യകളും അരാവലിയുടെ ഇരുവശങ്ങളിലുമായി ഉള്‍പെടുന്നു. പ്രാദേശിക തലത്തില്‍ 'മേവാട്ട്' എന്ന് അറിയപ്പെടുന്നു അരാവലി. തെക്ക് അഹമ്മദാബാദില്‍ നിന്നും ആരംഭിച്ച് വടക്കോട്ട് 800കിലോമീറ്റര്‍ ദൂരത്ത് നീണ്ട് പരന്ന് ഡെല്‍ഹിക്കടുത്ത് ഇത് അവസാനിക്കുകയാണ്. ബാനാസ്, ലുനി, സാഖി, സബര്‍മതി എന്നീ നദികള്‍ അരാവലിയുടെ പുത്രികളാണ്. ദേശങ്ങളെയും സംസ്കാരത്തെയും സമൃദ്ധമാക്കി ഒഴുകി നടക്കുകയാണ് കിഴക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ മഴ, മഞ്ഞ്, ഊഷ്മാവ് എന്നിവയെ നിയന്ത്രിക്കുന്നത് അരാവലിയാണ്. ഥാര്‍ മരുഭൂമിയുടെ വിസ്തൃതി വളരാതെ ശ്രദ്ധിക്കുന്നതും.

എന്നാല്‍ ഉത്തരേന്ത്യയുടെ പരിസ്ഥിതിയെ തകിടം മറിച്ചുകൊണ്ട് അരാവലി വന്‍ ഭീഷണിയെ നേരിടുന്നു. മാര്‍ബിള്‍ മാഫിയ അരങ്ങു തകര്‍ക്കുകയാണ്. രാജസ്ഥാനില്‍ അതിന്റെ പങ്ക് കേരളവും പറ്റുന്നുണ്ട്. അനധികൃതമായ മാര്‍ബിള്‍ ഖനനം അരാവലിയുടെ അടിത്തറയിളക്കുകയാണ്. രാജസ്ഥാനിലെ 16ജില്ലകളിലായി 4000ഖനനങ്ങള്‍ നിയമപ്രകാരം നടക്കുന്നു. നിയമം വിട്ട് വനാന്തരങ്ങളില്‍ ഇതിനേക്കാള്‍ കൂടും. രാജസ്ഥാനിലും ഹരിയാനയിലും ഇത് വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. ഥാര്‍ മരുഭൂമിയുടെ വ്യാപനത്തിനും ഇത് കാരണമാകുന്നുവെന്നാണ് പറയുന്നത്. ഗുജറാത്തിലെ പ്രദേശങ്ങള്‍ വരെ മരുഭൂമികള്‍ വിഴുങ്ങികൊണ്ടിരിക്കുന്നുവെന്നാണ് പുതിയ പ്രതിഭാസം. നിയമ വിരുദ്ധമായ ഖനനത്തിനെതിരെ 2008^09 കാലത്ത് പരിസ്ഥിതി വാദികളും മറ്റും ശക്തമായ സമരങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ 2009^ല്‍ സുപ്രീം കോടതി ഇടപെട്ടു. ഹരിയാന, ഫരീദാബാദ് മേഖലയിലെ 500കി. മീറ്റര്‍ ദൂര പരിധിയില്‍ അരാവലിയുടെ ചുവട്ടില്‍ ഖനനം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. പക്ഷെ ഫലമുണ്ടായില്ല. ഖനനം ഇന്നും തുടരുകയാണ്.

നമ്മുടെ വീടുകള്‍ക്ക് വെള്ളിത്തിളക്കം നമ്മുടെ ആഗ്രഹമാണ്. ഈ ആഗ്രഹം മാര്‍ബിള്‍ കച്ചവടക്കാരന്റെ അത്യാഗ്രഹമായതിന്റെ ദീന രോദനങ്ങളാണ് ആരവലിയില്‍ നിന്നും ഉയരുന്നത്. നമ്മുടെ വീടുകള്‍ തിളങ്ങുമ്പോള്‍ രാജ്യത്തിന്റെ പരിസ്ഥിതി നശിക്കുകയാണ്. മാര്‍ബിള്‍ ഖനനം നിയമവും പരിധിയും ലംഘിച്ച് തുടരുകയാണ്. സര്‍ക്കാര്‍ തന്നെയാണ് അരാവലിയെ കൊള്ള ചെയ്യുന്നത്. അരാവലിയുടെ താഴ്വാരങ്ങളാണ് മാന്തിയെടുക്കുന്നത്.

ഖനിവകുപ്പും വനം വകുപ്പും രാജസ്ഥാനില്‍ ഒരാള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. വനത്തില്‍ കയറി മാര്‍ബിള്‍ കൊള്ള ചെയ്യാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ മതി. ഇതുവരെ 62959 ഹെക്ടര്‍ ഭൂമിയാണ് കൊള്ള ചെയ്തത്. ഇത് അരാവലിയുടെ രക്തം ഊറ്റിയെടുക്കാനാണ് എന്ന് അറിയുമ്പോള്‍ താമസിയാതെ കുന്ന് കയറാതെ പാകിസ്ഥാന്‍ കാണും എന്നാണ് വിദ്യാസമ്പന്നനായ ഒരു ഗ്രാമവാസി പറഞ്ഞത്. 'ബിലാ നാം' എന്ന് അറിയപ്പെടുന്ന ഭൂമിയാണ് അരാവലിയുടെ താഴ്വാരങ്ങള്‍. പുറമ്പോക്ക് എന്നാണ് അര്‍ഥം. എന്നാല്‍ ഈ ഭൂമി പാട്ടത്തിന് നല്‍കുന്നതും സര്‍ക്കാര്‍ തന്നെയാണ്. രണ്ട് ഏക്കര്‍ പാട്ടത്തിന് നല്‍കി രണ്ടായിരം ഏക്കര്‍ കയ്യേറുന്നു. മാര്‍ബിള്‍ കയറ്റുമതി വന്‍ വാണിജ്യമാ യതോടെ അരാവലിയുടെ പതനം ആസന്നമാകും .വടക്കുപടിഞ്ഞാറിന്റെ ഭൂമി ശാസ്ത്രപരമായ അതിര്‍ത്തി ഇല്ലാതാകുകയും ചെയ്യു ം.

അരാവലി നിരകളും അതിന്റെ താഴ്വാരങ്ങളും ഒക്കെ ഉള്‍പ്പെടുന്ന കുന്ന് വ്യവസ്ഥ വനമേഖലായി നിര്‍വചിക്കണമെന്നാണ് കോടതി പറഞ്ഞത്. കോടതിയുടെ ഒരു നിര്‍ദേശങ്ങളും പാലിക്കുന്നില്ല എന്ന് മാത്രമല്ല. 2002മുതല്‍ മാര്‍ബിള്‍ പാട്ട ഭൂമിയുടെ പരിധി സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്തു. നേരത്തേ നാല് ഹെക്ടര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 28 ഹെക്ടര്‍ ആയി ഉയര്‍ത്തി.
ഇന്ത്യയിലെപാരിസ്ഥിതിക സെന്‍സിറ്റീവ് മേഖലയാണ് രാജസ്ഥാന്‍. മാര്‍ബിള്‍ ഖനനം വഴി ഉത്തരേന്ത്യ ഥാര്‍ മരുഭൂമിയെ ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുന്നത്. നാം മരുഭൂമിയിലേക്ക് മാര്‍ച്ച് ചെയ്യുന്നു. തെല്‍ഹാട്ടിയില്‍ നിന്നും ആകാശത്തുനിന്നും ഇറങ്ങിവന്ന ഇളം കാറ്റിന് ചൂടി കൂടിയതുപോലെ തോന്നി.

മാര്‍ബിള്‍ മാത്രമല്ല അരാവലിയുടെ ഖനിയില്‍ ഉള്ളത്. ജാസ്പര്‍, സിങ്ക്, ഫേനുാറൈറ്റ്, ജിപ്സം, ആസ്ബെസ്റ്റോസ്, സോപ് കല്ല്, ലെഡ്, ഫോസ്ഫേറ്റ് പാറ, കളിമണ്ണ്, കാല്‍സൈറ്റ്, സാന്‍ഡ് സ്റ്റോണ്‍, എന്നിവ മാര്‍ബിള്‍ ഖനന ലൈസന്‍സിനു പിന്നില്‍ കടത്തപ്പെടുന്നു. അരാവലിയില്‍ നിന്നും ഒഴുകുന്ന നദികളില്‍ ധാതുക്കളുടെ അളവ് ഏറെയാണ്. ഇത്തരം നദികളെയാണ് പുണ്യനദികള്‍ എന്ന് പറയുന്നത്. എന്നാല്‍ ധാതു ചൂഷണത്തിന് കൊടിയ രീതിയില്‍ വിധേയമാകുന്ന അരാവലിയില്‍ നിന്നും ഇനി പുണ്യനദികള്‍ ഒഴുകാനിടയില്ലെന്നാണ് പറയേണ്ടത്. ചരിത്രപരമായി പരിശോധിച്ചാല്‍ തന്നെ അരാവലിക്കു കീഴിലെ വനമേഖലയില്‍ 90ശതമാനവും ഇല്ലാതായി എന്നാണ് ഒരു പരിസ്ഥിതി റിപ്പോര്‍ട്ട് ചുണ്ടിക്കാണിക്കുന്നത്. മാര്‍ബില്‍ ഖനനം ഭൂഗര്‍ഭ ജലനിരപ്പിലേക്ക് എത്തുന്നതോടെ സമീപ പ്രദേശങ്ങളിലെ ജലനിരപ്പ് അപ്രത്യക്ഷമാകുന്നു. നമ്മുടെ ചെങ്കല്‍ ഖനനം പോലെ. കൃഷി നശിക്കുകയും മാര്‍ബിള്‍ കൃഷിിശക്തിപ്രാപിക്കുകയും ചെയ്യുന്നു. മരുഭൂമി മണ്ണില്‍ മാത്രല്ല മൊത്തം സാമൂഹ്യപരമായും അങ്ങനെ തന്നെയാകുന്നു.
175,000തൊഴിലാളികാണ് മാര്‍ബിള്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. ആറ് ലക്ഷം പരോക്ഷമായി ജീവിക്കുന്നു. തൊഴിലാളികള്‍ക്ക് ദിവസ കൂലിയല്ലാതെ തൊഴില്‍ സുരക്ഷ ആരോഗ്യ ഇന്‍ഷുറന്‍സ് ഒന്നുമില്ല. എഴുപതും എണ്‍പതും വയസായവര്‍ മരണം വരെ മാര്‍ബിളിന്റെ പൊടിയില്‍ ജീവിതം എരിച്ചുതീര്‍ക്കുന്നു. ക്ഷയരോഗം ആസ്തമ, കാന്‍സര്‍, സിലികോസിസ്. എന്നിവ ബാധിച്ച് മരിക്കുന്നു. രക്തം ഛര്‍ദിച്ച് തൊഴിലിടങ്ങളില്‍ മരിച്ചുവീഴുന്നു.

വന്‍തോതില്‍ മാര്‍ബിള്‍ കയറ്റി അയക്കുന്നു. കേരളം അതിന്റെ ഏറ്റവും വലിയ ഉപഭോക്താവ്. ചതുരശ്ര അടിക്ക് 50 രൂപ ഊടാക്കുന്ന മാര്‍ബിളില്‍ നിന്നും തൊഴിലാളിക്ക് രണ്ട് രൂപ ലഭിക്കുന്നില്ലെന്നാണ് കണക്ക്.ത്സാന്‍സി റെഡ്, റൂബി റെഡ്, ജം റെഡ്, ഇംപീരിയല്‍ റെഡ് ്എന്നീ പേരുകളില്‍ അറിയപ്പെടുന്ന മാര്‍ബിളിന്റെ പിന്നില്‍ അധ്വാനം ഒന്നു തന്നെയാണ്. ഇടാക്കുന്ന വില പലതാണെങ്കിലും. ചോരതുപ്പി മരിക്കുന്ന തൊഴിലാളികളുടെ ബലികൂടിരങ്ങളായി നമ്മുടെ ഭവനങ്ങള്‍ മാറുന്നു. മാര്‍ബിളിനുവേണ്ടി മത്സരിക്കുന്ന മലയാളികളുടെ മുന്നില്‍ പുതിയ ഭവനബോധം ഓര്‍മപ്പെടുത്തേണ്ടതാണ് അരാവലിയുടെ അനുഭവം.മാര്‍ബിള്‍ എന്ന മിഥ്യാവലയത്തില്‍ അഭിരമിക്കുന്ന മലയാളിക്കുമുണ്ട്, മാര്‍ബിള്‍ തൊഴിലിടങ്ങളില്‍ ചോരതുപ്പി മരിക്കുന്ന സാധുവിന്റെ മരണത്തില്‍ പങ്കുപറ്റാന്‍. മനുഷ്യന്‍ മാത്രമല്ല. മണ്ണും മലയും മഴയും മരണത്തിന്റെ വഴിയേ നീങ്ങുന്നതിന്റെ നിഴല്‍ നമ്മുടെ നിലങ്ങളിലുണ്ട്. ഒരു മരണ ഗന്ധവും.


രവീന്ദ്രന്‍ രാവണേശ്വരം
റമ്യമ്ലലറൌ
ൃമ്മിലവെംമൃമാ ു.ീ
671316
ുവ:9645006160