Monday, March 21, 2011

ബദല്‍ മാധ്യമങ്ങളിലെ
സമര സാധ്യതകള്‍

raveendran ravaneshwaram wrot inkalakaumudi weekly

ബദല്‍മാധ്യമങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട സൌഹൃദകൂട്ടായ്മകള്‍ സാമൂഹിക വിപ്ലവങ്ങളുടെ ചാലകശക്തിയാകുന്നതെങ്ങനെയെന്ന് 2011ജനുവരിയില്‍ അറബ് രാഷ്ട്രങ്ങളില്‍ നടന്ന സ്വതന്ത്യ്രസമരങ്ങള്‍ കാണിച്ചുതരുന്നു. വിനോദ മാധ്യമങ്ങളായി ഭരണകുടങ്ങള്‍വരെ കരുതിയ സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെ സമരായുധങ്ങളായി മാറിയെന്നതിന്റെ ചരിത്രപാഠങ്ങളാണ് ഫേസ്ബുക്ക് ടുണിഷ്യയില്‍ രചിച്ചത്. ഈ രചനയാണ്, മറ്റ് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പാഠവും പാഠപുസ്തകവുമായി മാറിയത്. മുഖ്യധാര കുത്തക മാധ്യമങ്ങള്‍ ഈ ഇന്റര്‍നെറ്റ് സൌഹൃദമാധ്യമങ്ങളെ ഏറെ പുകഴ്ത്തിയിട്ടുണ്ട്. അത് അവരുടെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞ് സ്വയം പരിഹാസ്യതയില്‍ നിന്നും രക്ഷപ്പെടുകയാണ് കുത്തക മാധ്യമങ്ങള്‍. ഈ പരമ്പരാഗത കുത്തക മാധ്യമങ്ങള്‍ എത്രത്തോളം മനുഷ്യാവകാശങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനൊപ്പം അണിചേരുന്നുവെന്നുകൂടി ഈ പോരാട്ടങ്ങളുടെ വഴിയും വിജയം ബോധ്യപ്പെടുത്തുന്നു. അതോടൊപ്പം കുത്തകമാധ്യമങ്ങള്‍ എത്രത്തോളം ദുര്‍ബലമാണെന്നും.
മതത്തിന്റെ പേരില്‍കാറ്റുംവെളിച്ചവും കടക്കാത്ത ജംബുകദ്വീപുകള്‍നിര്‍മിച്ച് എക്കാലവും മനുഷ്യരെ ആട്ടിടയന്‍മാരും അടിമകളുമാക്കി അധികാരം നിലനിര്‍ത്താമെന്ന ഫെറോവമാരുടെ കസേരകള്‍ക്ക് ഇളക്കം തട്ടുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ ഈ കുത്തകമാധ്യമങ്ങള്‍ക്കുമുണ്ടായി ചെറുതല്ലാത്ത അസ്ക്യത. അഭിപ്രായ പ്രകടനം, സ്വാതന്ത്യ്രം, ജനാധിപത്യം, തൊഴില്‍, ഭക്ഷണം, അന്തസ് ഇത്യാദി മനുഷ്യാവകാശങ്ങളുടെയെല്ലാം നേരെ വാതിലുകളടച്ച് അരമനയില്‍ സുഖാലസ്യത്തിലാണ്ട രാജഭരണത്തിന്റെ മ്യൂസിയങ്ങളായിരുന്നു അറബ് രാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് മുസ്ലീം രാജ്യങ്ങള്‍. അന്ത്യപ്രവാചകന്റെ ഭൂമിയിലെ അടുത്ത ബന്ധുക്കളും അവശേഷിക്കുന്ന നേരവകാശികളും തങ്ങളാണെന്ന് പ്രജകളെ പഠിപ്പിച്ച് തീറ്റിയും കുടിയും ഉറക്കവും പ്രജനനവുമായി കഴിഞ്ഞുകൂടുകയായിരുന്നു അവര്‍. 'വിശുദ്ധഖുര്‍ ആന്‍' നെ തലതിരിച്ച് വായിച്ച് മതനിന്ദയുടെ പേരില്‍ ശിക്ഷകള്‍ നടപ്പാക്കുമ്പോള്‍ 'ദൈവം 'ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും രൂപത്തില്‍ കടന്നുവരുമെന്ന് ഇവര്‍ കരുതിയിരുന്നില്ല. ജനങ്ങളൂടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് അമേരിക്കന്‍ ഭരകൂടത്തിന്റെ ആജഞാനുസാരികളായി ഉറങ്ങിക്കിടന്നവര്‍ക്ക് പരമ്പരാഗത മാധ്യമങ്ങളും തുണയായി. അധികാരത്തിന് നേരെ വെല്ലുവിളി ഉയരാതിരിക്കാന്‍ മാധ്യമങ്ങളുടെ എല്ലാവാതിലുകളും കൊട്ടിയടച്ചു.
ടുണിഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, മൌറിട്ടാനിയ, സിറിയ, ഇറാന്‍, ലിബിയ, ബഹ്റൈന്‍ എന്നിങ്ങനെ നീളുന്നു ഈ കുംഭകര്‍ണന്‍മാരുടെ രാജ്യങ്ങള്‍. ഒരു പത്രം, ഒരു റേഡിയോ, ഒരു ടി.വി. ഇറക്കുമതി ചെയ്യപ്പെടുന്ന പത്രങ്ങളാണെങ്കില്‍ പേജുകള്‍ കീറിയും കരിമഷിയടിച്ചും വികൃതമായിട്ടുണ്ടാകും എന്നതാണ് മാധ്യമനീതി. ലോക ചരിത്രത്തില്‍ ജനാധിപത്യ വിപ്ലവങ്ങള്‍, തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ എന്നിവയില്‍ കോളനി, സാമ്രാജ്യത്ത, ഫാഷിസ്റ്റ് വാഴ്ച്ചകള്‍ കടപുഴകി വീണപ്പോഴും മതത്തിന്റെയും പ്രവാചകന്റെയും ഖുര്‍ ആന്റെയും നിഴല്‍പറ്റി ഇവര്‍ വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു. സ്വാതന്ത്യ്രം എന്നത് ഇസ്ലാമിനെ നശിപ്പിക്കാനുള്ള വ്യാജ ഗന്ധമാണെന്ന് പറഞ്ഞുപരത്തി ചരിത്രപരമായ മുന്നേറ്റങ്ങള്‍ക്കിടയില്‍ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഇടനാഴിതീര്‍ത്ത് മതത്തിന്റെ മറവിലെ ഗ്രീന്‍ചാനലിലൂടെ ജീവിച്ചുപോന്ന രാജാക്കന്‍മാര്‍ക്ക് ചരിത്രം നല്‍കിയ ശിക്ഷയാണ് 2010ലെ പ്രക്ഷോഭങ്ങള്‍. ഇവര്‍ അധികാരത്തിലേറിയപ്പോള്‍ പരന്നൊഴുകിയ നിണഗന്ധത്തിന് മുല്ലമണംകൊണ്ട് മറുപടി.
സമാനതയില്ലാത്ത ഒരു പ്രത്യേകത ഈ വിപ്ലവങ്ങള്‍ക്കുണ്ടായിരുന്നു. ജനങ്ങള്‍ സ്വന്തം നിലക്ക് തെരുവിലിറങ്ങാന്‍ തയ്യാറാകാതിരുന്ന, നയിക്കാന്‍ ഒരു നേതാവില്ലാതിരുന്ന, അധികാരത്തിലേക്ക് ഒരു ബിംബമില്ലാതെ, ഒരു ബദല്‍ മാര്‍ഗമില്ലാതെ തെരുവിലേക്ക് ജനങ്ങളെ ഒഴുക്കിയത് നവമാധ്യമങ്ങളായിരുന്നു എന്നതാണത്. മണല്‍കാട്ടിലെ ഈ കൊടുങ്കാറ്റിനെ ജാസ്മിന്‍ വിപ്ലവം എന്നാണ് മാധ്യമങ്ങള്‍ വിളിച്ചിരുന്നത്. എന്നാല്‍ ഓര്‍ക്കൂട്ട് വിപ്ലവം, ഫേസ് ബുക്ക് വിപ്ലവം, ട്വിറ്റര്‍ വിപ്ലവം, ഇന്റര്‍നെറ്റ് വിപ്ലവം, ഗൂഗിള്‍ വിപ്ലവം, വികിപീഡിയ വിപ്ലവം എന്നീ പേരുകളാണ് പുതിയ തലമുറ അതിന് നല്‍കിയത്. അടിച്ചമര്‍ത്തപെട്ടവന്റെ ചുറ്റും ഏത് കുട്ടായ്മക്കാണോ സ്വാധീനം അതിനനുസരിച്ച് പേര് വീണു. അതായത് മൊത്തത്തില്‍ ഇവയെല്ലാം സാമൂഹിക മാറ്റങ്ങള്‍ക്ക് വേണ്ടിയള്ള പോരാട്ടത്തില്‍ വാളിനേക്കളും തോക്കിനേക്കാളും വലിയ സമരായുധങ്ങളായി വര്‍ത്തിച്ചു.
ചിന്തിക്കാന്‍ കഴിയുന്ന ഓരോമനുഷ്യനും ഓരോ മാധ്യമങ്ങളുടെ എഡിറ്ററായി പരിണമിക്കുകയും അങ്ങനെ ബദല്‍മാധ്യമങ്ങള്‍ മനുഷ്യരൂപത്തില്‍ പ്രക്ഷോഭകരായി തെരുവുകളിലിറങ്ങുകയും ആത്യന്തികമായി ജനകീയവിപ്ലവത്തിന് വാതിലുകള്‍ തുറന്നുകൊടുക്കാന്‍ ബദല്‍മാധ്യമങ്ങള്‍ക്ക് കഴിയുകയും ചെയ്തു. പുരാഗമന ശക്തികള്‍ക്ക് അനന്തസാധ്യതകളാണ് രാജഭരണകൂടങ്ങള്‍ക്ക് നേരെയുണ്ടായ ജനകീയ വിപ്ലവങ്ങളുടെ പാഠം നല്‍കുന്നത്. സാമ്രാജ്യത്ത മൂലധന ശക്തികള്‍ക്കാണ് ഇവയുടെ ആധിപത്യമെങ്കിലും അവര്‍ക്കെതിരെയുള്ള സമരായുധമായി ഇതിനെ മാറ്റിയെടുക്കാമെന്നതും ചരിത്രം കാണിച്ചുതന്ന വഴിയാണ്. ഈ വിപ്ലവങ്ങളുടെ അനന്തരപാഠം എന്തുതന്നെയായാലും.
ജനാധിപത്യ അവബോധം കടന്നുവരാതിരിക്കാനുള്ള എല്ലാ പഴുതുകളും അറബ് രാജ്യങ്ങളിലെ ഫെറോവമാര്‍ അടച്ചിരുന്നു. എന്നാല്‍ നവമാധ്യമങ്ങളുടെ വഴികള്‍ എത്രത്തോളം തടയാമെന്നതിനെ കുറിച്ച് ഈ നിരക്ഷര രാജാക്കന്‍മാര്‍ക്ക് അറിവില്ലായിരുന്നു. ട്വിറ്ററും, ഓര്‍ക്കൂട്ടും, ഫേസ് ബുക്കും ഒരുവഴിയടയുമ്പോള്‍ ആയിരം വഴിയിലൂടെ തുറക്കപ്പെടുന്നതാണെന്ന് വേണ്ടത്ര മനസിലാക്കിയില്ല. ടോം ആന്റ് ജെറിയിലെ ജെറിയെപോലെ ജനങ്ങള്‍ രാജാക്കന്‍മാരെ പറ്റിച്ചുകൊണ്ടേയിരുന്നു. ഹാസ്യ കഥാപാത്രങ്ങളായി രാജാക്കന്‍മാറികൊണ്ടിരിക്കുമ്പോഴും 'രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ ഒരാള്‍ ഉണ്ടായിരുന്നില്ല. മതം, പട്ടാളം എന്നിവ കാണിച്ച് ജനത്തെ ഭയപ്പെടുത്തികൊണ്ടേയിരുന്നു. നവമാധ്യമങ്ങളിലെ സൌഹൃദ കൂട്ടായ്മമകളില്‍ രാജ്യാതിര്‍ത്തികളെ ഭേദിച്ച് ഉയര്‍ന്നുവന്ന കൂട്ടായ്മകളിലൂടെ ഇരുണ്ടഭൂഖണ്ഡങ്ങളിലെ മനുഷ്യമനസുകളില്‍ വെളിച്ചം വരാന്‍ തുടങ്ങി. സ്ക്രാപ് ബുക്കുകളില്‍ അരാഷ്ട്രീയ ചര്‍ച്ചകളും ഇക്കിളിപ്പെടുത്തുന്ന സന്ദേശങ്ങളുമായിരുന്നില്ല. തികഞ്ഞ രാഷ്ട്രീയം പങ്കുവെക്കുകയായിരുന്നു. സ്വാതന്ത്യ്രസമരം കൊടുമ്പിരികൊള്ളുന്നത് മന്ദബുദ്ധികളായ ഫെറോവമാര്‍ അറിയാന്‍ വൈകി. അവര്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന്റെ ആശ്വാസത്തില്‍ അഭിരമിക്കുകയായിരുന്നു. എന്നാല്‍ നെറ്റില്‍ ഇവരുടെ അടിത്തറ കീബോര്‍ഡ്കൊണ്ട് മാന്തിയെടുന്ന ജനം വളരുകയായിരുന്നു. ഒരു മാര്‍ക്ക് ആന്റണിയുടെ ദൌത്യം നിര്‍വഹിക്കുകയായിരുന്നു. ഇന്റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകള്‍. പ്രമുഖ കോളമിസ്റ്റ് സില്‍വിയ മൊര്‍ട്ടോസ എഴുതിയത് 'വികേന്ദ്രീകരണം, വിശാലത, പ്രതിബദ്ധത, മനുഷ്യാവകാശം എന്നിവ ഉത്തേജിപ്പിക്കുന്നതിന്റെ മികച്ച ഉപകരണമായി ഇന്റര്‍നെറ്റ് പ്രവര്‍ത്തിച്ചു' വെന്നാണ്.

ഇറാനില്‍
ഇന്റര്‍ നെറ്റിന്റെ അപകടം ആദ്യം മണത്തറിഞ്ഞത് ഇറാനാണ്. 2009^ല്‍ഇറാനിലുണ്ടായ ഗ്രീന്‍ മൂവ്മെന്റിന്റെ ഉത്തേജക വസ്തു ട്വിറ്ററയിരുന്നുവെന്ന് ഇറാന്‍ ഭരണകൂടം മനസിലാക്കിയിരുന്നു. ഇറാനിലുണ്ടായ ഈ മൂവ്മെന്റിനെ 'ട്വിറ്റര്‍ വിപ്ലവം' എന്നാണ് വിളിക്കപ്പെട്ടത്. ഇതൊരു സമരായുധമാണെന്ന് ചിന്തിക്കുന്ന ബ്ലോഗര്‍മാരും നെറ്റ് ഉപയോക്താക്കാളും അറിയാന്‍ തുടങ്ങി. ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവര്‍ എവിടെയന്നതിനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റാണ് നെറ്റില്‍ നടന്നത്. മനുഷ്യന്‍ ഏറെ ആഗ്രഹിക്കുന്നത് അഭിപ്രായ സ്വാതന്ത്യ്രമാണെന്ന് ഈ പരീക്ഷണത്തില്‍ തെളിഞ്ഞു. അമര്‍ന്നു കത്തിയിരുന്ന ഈ അവകാശബോധം അതുകൊണ്ടാണ് പെട്രോള്‍ രാഷ്ട്രങ്ങളില്‍ ആളിപ്പിടിച്ചത്.
തുടക്കം
2004^ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്താണ് ഇന്റര്‍നെറ്റിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയത്. പൊളിറ്റിക്സ് 2.0എന്നാണ് ഇന്റര്‍ഴനറ്റിലൂടെയുള്ള രണ്ടാം തലമുറ രാഷ്ട്രീയ പ്രചരണത്തെ അറിയപ്പെട്ടത്. ഓപ്പണ്‍സോഴ്സ് പൊളിറ്റിക്സ് എന്ന് ഇതിനെ പറയപ്പെട്ടു. തുടര്‍ന്ന് ബുദ്ധിജീവികള്‍ സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ എളുപ്പത്തില്‍ ലിങ്ക് കൊടുത്താല്‍ വിവരങ്ങള്‍ ലഭ്യമായി. അറിയപ്പെടുന്നവരുടെ പുസ്തകങ്ങള്‍ വായിച്ച് വിജഞാനത്തിന് മൂര്‍ച്ചകൂട്ടാനെടുക്കുന്ന സമയം ഇന്ന് വേണ്ട. നമുക്ക് ആവശ്യമുള്ളത് നമ്മുടെ മുന്നില്‍ തത്സമയം എത്തിച്ചേരും. നേതാവ് ഉയര്‍ന്നുവരുന്നതിന് മുമ്പ് തന്നെ പ്രക്ഷോഭകരും ലക്ഷ്യവും ഉയര്‍ന്നുവരും. മറ്റേത് വലപ്ലവങ്ങളെക്കാള്‍ വേഗത്തില്‍ ടുണിഷ്യന്‍ വിപ്ലവം ആളിപ്പടര്‍ന്നത് അതുകൊണ്ടാണ്. വിപ്ലവത്തിലേക്കുള്ള മറ്റുമാര്‍ഗങ്ങള്‍ ചോദ്യം ചെയ്യപ്പെടാനും ഇത് സഹായകമായി. ഭൂമിയില്‍ പ്രക്ഷോഭത്തിനുള്ള പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നതിന്റെ തീവ്രത കൂടി ആകാശത്ത് പ്രകടമായ ഓപ്പണ്‍ സോഴ്സ് പൊളിട്ടിക്സിലുണ്ടായി. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രമല്ല. ലോകത്തെ മുഴുവന്‍ പൊതുവികാരവും ഇന്റനെറ്റിലെ സൌഹൃദകൂട്ടായ്മയിലൂടെ ഇത്രയും പെട്ടന്ന് ഒരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് അമേരിക്കക്ക് പോലും വിചാരിക്കാന്‍ കഴിഞ്ഞില്ല. അതും പ്രതികരണ ശേഷിയില്ലാത്തവര്‍ എന്ന് മറ്റുള്ളവര്‍ ആക്ഷേപിച്ച പശ്ചിമേഷ്യന്‍ ജനതയില്‍.
2008^ല്‍ ഈജിപ്തിലെ വ്യവസായ മേഖലയായ മെഹല്ല പട്ടണത്തില്‍ ടെക്സറ്റയില്‍ തൊഴിലാളികള്‍ സമരം തുടങ്ങി. ഇതിനോടനുബന്ധിച്ചാണ് ഫേസ്ബുക്ക് രംഗത്ത് വരുന്നത്. ബി.ടെക് വിദ്യാര്‍ഥി യായ അഹമ്മദ് മെഹര്‍ 'ഏപ്രില്‍ സിക്സ് യൂത്ത് മൂവ്മെന്റി'ന് രൂപം നല്‍കി. ഏപ്രില്‍ ആറിനാണ് സമരം തുടങ്ങിയത്. അതുകൊണ്ടാണ് ഈ പേര് വീണത്. സമരത്തിന് യൂത്ത് മൂവ്മെന്റ് ആഹ്വാനം ചെയ്തു. ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് പിന്തുണയുമായി എത്തി. ഇന്റര്‍നെറ്റ് കൂട്ടായ്മയായ ട്വിറ്ററും ഫ്ലിക്കറും സമരത്തില്‍ പങ്കെടുത്തു. 64000പേര്‍ ഈസമരത്തില്‍ അണിചേര്‍ന്നു. ഓണ്‍ലൈന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമായത് അങ്ങനെയാണ്. 2004^ല്‍ തന്നെ ഹുസ്നി മുബാറക്കിനെതിരെ സമരം തുടങ്ങിയിരുന്നു. കിഫായ എന്നപേരില്‍ തുടങ്ങിയ സമരം യൂത്ത് ഫോര്‍ ചേയ്ഞ്ച് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ശക്തി പ്രാപിച്ച ഗ്രൂപ്പും സെര്‍ബിയയില്‍ ഒപ്ടര്‍ എന്ന പേരില്‍ ആരംഭിച്ച പ്രക്ഷോഭവുമാണ് ഏപ്രില്‍ സിക്സ്ത്തിന് എണ്ണ പകര്‍ന്നത്.
2009^ലെ ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അറബ് നാടുകള്‍ ട്വിറ്ററിന്റെ മുല്ലമണം അറിയാന്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ഥി മിര്‍ ഹുസൈന്‍ മൊസാവിയുടെ ആള്‍ക്കാര്‍ നെജാദിന്റെ ഇന്റര്‍നെറ്റ് ഓഫിസിനു നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ആക്സസ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഫലപ്രഖ്യാപനത്തിനു മുമ്പ് 45മിനുട്ട് നേരം എല്ലാ ഇന്റര്‍ നെറ്റ് കഫേകളും അടച്ചു. യൂ ട്യൂബിനെപോലുള്ള മാര്‍ഗങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാനാണിത്. തുടര്‍ന്ന് കുറഞ്ഞ ബാന്‍ഡില്‍ റീ സ്റ്റാര്‍ട്ട് ചെയ്തു. എന്നാല്‍ ആര്‍ക്കും അവ ഉപയോഗിക്കാന്‍ പറ്റിയില്ല എന്നു മാത്രമല്ല, നെറ്റിന്റെ മുന്നിലിരുന്നവര്‍ മടുത്ത് എഴുന്നേറ്റ് പോയി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിരവധിസ്ഥലങ്ങളില്‍ പോലിസുമായി ഏറ്റുമുട്ടല്‍ നടന്നപ്പോഴും പോലിസ് ഫേസ് ബുക്കും ട്വിറ്ററും നിയന്ത്രിച്ചു. എല്ലാ വാര്‍ത്ത വെബ്സൈറ്റുകളും ഇതിന്റെ ഭാഗമായി നിരോധിച്ചു. ടെക്സ്റ്റ് മെസേജ് അയക്കുന്ന സംവിധാനം ഉള്‍പ്പടെയുള്ള മൊബൈല്‍ സര്‍വീസ് ലഭ്യമല്ലാതാക്കി. ബി.ബി.സി, ദി ഗ്വാര്‍ഡിയന്‍ എന്നീ മാധ്യമങ്ങളുമായി ബന്ധപ്പെട്ട എല്ലാ സൈറ്റുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. നിയന്ത്രണം മറികടക്കാന്‍ ഇറാനിലെ നെറ്റ് ഉപയോക്താക്കള്‍ ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്ക് പ്രോക്സികള്‍ നിര്‍മ്മിച്ചു. ഇറാന്‍ ഭരണകൂടം പ്രോക്സികളെയും അടിച്ചമര്‍ത്തി. ലോകത്ത് ഏറ്റവും സങ്കീര്‍ണമായ വെബ് ഫില്‍റ്ററിംഗ് സംവിധാനം ഇറാനില്‍ ഏര്‍പ്പെടുത്തി. ഏത് വ്യാജനെയും പിടികുടാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതിയത്. അതിനെയും അതിജീവിക്കാന്‍ സമരക്കാര്‍ മറുതന്ത്രം ആവിഷ്കരിക്കപ്പെട്ടു. അതായത് 2009^ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇറാനില്‍ ഭരണകൂടവും ഒരു വിഭാഗം പ്രക്ഷോഭകരും ആരംഭിച്ച 'നെറ്റ് വഴി' യുദ്ധം ഇപ്പോഴും തുടരുകയാണ്. പ്രക്ഷോഭകരെ നേരിടാന്‍ ആയുധങ്ങള്‍ കൊണ്ട് കഴിയില്ല എന്ന തിരിച്ചറിവിന്റെ പാഠം അറേബ്യയില്‍ ആരംഭിക്കുന്നത് ഇറാനില്‍നിന്നാണ്

ടുണിഷ്യയില്‍
2011^ല്‍പെട്ടന്നുണ്ടായ സംഭവമല്ല ജാസ്മിന്‍ വിപ്ലവം. 2009^ല്‍ തന്നെ ബ്ലോഗിലും നെറ്റിലും 'സ്വാതന്ത്യ്രസമരം' ആരംഭിച്ചിരുന്നുവെന്നാണ് ഇറാന്റെ അനുഭവം വ്യക്തമാക്കുന്നത്. രാഷ്ട്രീയ തടവുകാരെ ജയില്‍ മോചിതരാക്കണമെന്നാവശ്യപ്പെട്ട് ടുണിഷ്യയിലെ ബ്ലോഗുകാരും ഫേസ്ബുക്ക് ഉപയോക്താക്കളും ജാര്‍ജിസ് നഗരത്തില്‍ പ്രക്ഷോഭം നടത്തിയിരുന്നു. ടുണിഷ്യന്‍ ഭരണാധികാരി അബിദിന്‍ ബിന്‍ അലിക്കെതിരെ വിഡിയോകളും, സന്ദേശങ്ങളും 'വി ഹെയ്റ്റു'കളും വിരുദ്ധ കൂട്ടായ്മകളും സോഷ്യല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ബ്ലോഗുകള്‍ തുറക്കപ്പെടുന്നതിന്റെ എണ്ണം ഭരണകൂടം അറിഞ്ഞിരുന്നില്ല. അറിഞ്ഞിട്ടും വലിയ കാര്യമുണ്ടായിരുന്നില്ല. ടുണിഷ്യക്ക് വേണ്ടി പേസ്റ്റിംഗ് നടക്കുന്നത് മുഴുവന്‍ ടുണിഷ്യക്ക് പുറത്തും രഹസ്യമായും വ്യാജ അക്കൌണ്ടുവഴിയുമായിരുന്നു.
3.6 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ നിശബ്ദസമരം അലിയുടെ അവസാന നാളുകളില്‍^2011 ജനുവരി 15വരെ തുടര്‍ന്നുകൊണ്ടേയിരുന്നു. നോക്കണം, ജനകോടികള്‍ ഗൂഡാലോചന നടത്തിയത് ഒരു ഭരണാധികാരി അറിയാതിരുന്നത്. എന്നാല്‍ അല്‍ ജസീറ ചാനല്‍ ചിലത് പുറത്തുവിട്ടത് ചര്‍ച്ചയായി. ജനങ്ങളുടെ എല്ലാ അവകാശങ്ങളും ഹനിക്കുകയും ഇതര രാജ്യങ്ങളുമായി ബന്ധങ്ങള്‍ സൃഷ്ടിച്ച് അവക്ക് മറ സൃഷ്ടിക്കുകയുമായിരുന്നു അലി. എന്നാല്‍ ഇവയെല്ലാം യുവാക്കളുടെ മനസില്‍ രോഷമായി വളരുകയായിരുന്നു. അഴിമതി, തൊഴിലില്ലായ്മ, മാധ്യമ സ്വാതന്ത്യ്രമില്ലായ്മ, എന്നിവ ഈ രോഷത്തിന്റെ അടിസ്ഥാന കാരണങ്ങളായി.
അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ് സോഷ്യല്‍മാധ്യമങ്ങളില്‍ രോഷമായി പേസ്റ്റ് ചെയ്യപ്പെട്ടു. അജ്ഞാത സുഹൃത്തുക്കളുമായി പ്രച്ഛന്ന വേഷത്തില്‍ ആശയവിനിയമയം നടന്നു. സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മകള്‍ രൂപപ്പെട്ടു. നഗരത്തില്‍ മാത്രമായി ചുരുങ്ങിയ സാമ്പത്തിക വളര്‍ച്ച ഗ്രാമങ്ങളിലെ ഇടത്തരക്കാരെയും അഭ്യസ്ത വിദ്യരെയും അലട്ടി. ഗ്രാമങ്ങള്‍ പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടം തിരിഞ്ഞു. പഠിച്ച് തൊഴില്‍ ലഭിക്കാതിരുന്നപ്പോള്‍ പട്ടിണിയകറ്റാന്‍ ബിരുദധാരിയായ ഒരു ഗ്രാമീണ വിദ്യാര്‍ഥി തുടങ്ങിയ ഉന്തുവണ്ടി കച്ചവടം നികുതിയടച്ചില്ലെന്ന കാരണത്താല്‍ നിര്‍ത്തലാക്കി.ഒരു വനിതാപോലിസ് 26കാരനായയ മുഹമ്മദ് ബെന്‍ ബവൌസിയുടെ കരണത്തടിച്ചു. ജീവിക്കാനുള്ള വഴിമുട്ടിയ വിദ്യാര്‍ഥി 2010 ഡിസംബര്‍ 17ന് ആത്മഹത്യചെയ്തു. ഇത് യൂട്യുബുകളില്‍ പ്രചാരണ വിഷയമായി. ടുണിഷ്യന്‍ ജനാധിപത്യ അവകാശ ബോധത്തിന് അഗ്നിപടര്‍ന്ന ക്ലിപ്പിംഗ് ആയി ലോകമെങ്ങും പ്രചരിച്ചു. പോലിസിനെതിരെയുള്ള രോഷം നവയുഗ മാധ്യമങ്ങളില്‍ പ്രക്ഷോഭമായി പരന്നൊഴുകി. അല്‍ജസീറയും ഫ്രാന്‍സ് 24 ചാനലും പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ നല്‍കി. സി.എന്‍.എന്നും ബി.ബി.സിയും അതേറ്റുപിടിച്ചു. ഏപ്രില്‍ സിക്സ് മാതൃകയായി ടുണിഷ്യയില്‍ പ്രോഗ്രസീവ് യൂത്ത് മൂവ്മെന്റ് രൂപം കൊണ്ടു. ഇതിന് ഇന്റര്‍ നെറ്റ് വഴി ലോകം പിന്തുണ പ്രഖ്യാപിച്ചു.
വിഷയങ്ങള്‍ നവമാധ്യമങ്ങളിലേക്ക് ഉയര്‍ത്തികൊണ്ടുവന്നതില്‍ ടുണിഷ്യന്‍ ജനറല്‍ ലേബര്‍ യൂണിയന്‍ തൊഴിലാളികളുടെ പങ്കും ചെറുതല്ല. ട്വിറ്ററും ഫേസ്ബുക്കുമായിരുന്നു ഇവരുടെ പ്രധാന വേദി. ഒരു അഭിഭാഷകന്‍ സര്‍ക്കാറിനെതിരെ പ്രത്യേക ഫേസ് ബുക്ക് അക്കൌണ്ട് തുടങ്ങി. ഈ അക്കൌണ്ട് അലി ഭരണകൂടം ഹാക്ക്് ചെയ്തു. എന്നാല്‍ അടുത്ത ദിവസം അയാള്‍ രണ്ട് അക്കൌണ്ട് തുടങ്ങി പോരാട്ടത്തിന്റെ കരുത്ത് ഇരട്ടിപ്പിച്ചു. പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതില്‍ ഇത്തരം അക്കൌണ്ടുകള്‍ കുന്ന്കൂടി. അലിവിരുദ്ധ സേര്‍ച്ചിംഗില്‍ ഇവ ഫേസ് ബുക്കിന്റെ കവറില്‍ അനന്തമായ പ്രകടനവുമായി എത്തി. ഈ പ്രകടനങ്ങള്‍ തന്നെയാണ് തഹ്രീ സ്ക്വയര്‍ വരെ നീണ്ടത്. ദിവസങ്ങള്‍ക്കകം നെറ്റ് വിപ്ലവം ജോര്‍ദാന്‍, മൊറോക്കോ, മൌറിട്ടാനിയ, സിറിയ, ഇറാന്‍, ലിബിയ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് കടന്നു.

ഈജിപ്തില്‍
ടൂണിഷ്യക്ക് ശേഷം ഈജിപ്ത് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് സോഷ്യല്‍ മാധ്യമങ്ങള്‍ പ്രക്ഷോഭങ്ങളുടെ തീപടര്‍ന്നു. വ്യക്തമായ നേതൃത്വമില്ലാതെയായിരുന്നു പ്രക്ഷോഭങ്ങളുടെ യാത്ര. അതുകൊണ്ട് തന്നെ നിലവിലെ ഭരണകൂടത്തിലുണ്ടായിരുന്നവര്‍ തന്നെ അടുത്ത ഭരണാധികാരികളായി പലേടത്തും. ഈജിപ്തില്‍ മറ്റൊരു അനുഭവമുണ്ടായി. കേവലം 30വയസുകാരനും ഗൂഗിളിന്റെ പൂര്‍വേഷ്യന്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവും സൈബര്‍ ജേര്‍ണലിസ്റ്റുമായ ഈജിപ്തിലെ വയേല്‍ ഖോനിം പ്രക്ഷോഭകരുടെ നായകനായി. നെറ്റില്‍ നിന്നും അവദൂതനെ പോലെ അയാള്‍ ജനമനസില്‍ കയറിപറ്റി. ഈജിപ്ഷയന്‍ നൊബെല്‍ സമ്മാനജേതാവ് എല്‍ബരേദിയുടെ പേരില്‍ ഫോസ് ബുക്കില്‍ല കുറിച്ച അക്കൌണ്ടില്‍ നിന്നാണ് ഖോനി ഹോസ്നി മുബാറക്കിനെതിരെയുള്ള തന്റെ സമരമുഖം തുറക്കുന്നത്. തന്റെ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റില്‍ ഹോസ്നി മുബാറക് താഴെയിറങ്ങുന്നതിന്റെ പ്രഖ്യാപാനം വൈസ്പ്രസിഡന്റ് പ്രഖ്യാപിക്കുമ്പോള്‍ ഖോനിം അക്ഷരാര്‍ഥത്തില്‍ ജനനായകനാകുകയായിരുന്നു. ലോക മാധ്യമങ്ങള്‍ ഖോനിമിന്റെ വിജയകഥകള്‍ നിരത്തി. മുബാറക്കിന്റെ രാജി പ്രഖ്യാപനം കേള്‍ക്കുന്ന ഖോനിമിന്റെ മുഖഭാവങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ അയാളുടെ വീട്ടില്‍ തമ്പടിച്ചു. മുബാറക്കിന്റെ രാജിയെന്ന ചരിത്ര സംഭവത്തിന്റെ പിന്നാലെ അതുകൂടി പകര്‍ത്താന്‍ മാധ്യമങ്ങള്‍ മറന്നില്ല.
2010 ജൂണില്‍ പോലിസ് മര്‍ദനത്തില്‍ കാല്ലപ്പെട്ട ഖലീല്‍ മുഹമ്മദിന്റെ പേരിലും കൂട്ടായ്മയുണ്ടായി. 'വി.ആര്‍.ആള്‍ ഫോര്‍ സെയ്ദ്' എന്നാണ് ആ കൂട്ടായ്മയുടെ പേര്. പോലിസ് മര്‍ദനത്തിന്റെ ക്ലിപ്പിംഗുകള്‍ കൊണ്ട് ഫേസ് ബുക്കുകള്‍ നിറഞ്ഞു. ജനരോഷം ആളിപ്പടര്‍ന്നു. ഒന്നര ലിക്ഷം പേര്‍ ഈ അക്കൌണ്ടില്‍ അംഗങ്ങളായി. ഇതിന്റെയെല്ലാം നേതൃത്വം ഖോനിമിനാണെന്ന് ഭരണകൂടം നിശ്ചയിച്ചു. ഖോനിമിനെ 2011അറസ്റ്റുചെയ്ത് ജയിലിലടച്ചു. പ്രക്ഷോഭത്തിന് സഹായകമായ വിധത്തില്‍സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് 12ദിവസം മുബാറക് ഭരണകൂടം ഗോനിമിനെ രഹസ്യമായി തടങ്കലില്‍ വച്ചു. ഈജിപ്തിലെ പ്രതിപക്ഷം ഇക്കാര്യം പുറത്തുവിട്ടു. ജനരോഷം ഭയന്ന് ഖോനിമിനെ തുറന്നു വിട്ടു. ഖോനിം പിന്നിട് നല്‍കിയ വികാരപരമായ അഭിമുഖം പ്രക്ഷോഭത്തെ കൂടുതല്‍ കുരുത്തുറ്റതാക്കി.
മുബാറക്കിന്റെ പതനം വീക്ഷിച്ച ഖോനിം തന്റെ മുറിയില്‍ തലങ്ങും വിലങ്ങും തുള്ളച്ചാടി. തുടര്‍ന്ന് തന്റെ ട്വിറ്റില്‍ ഇങ്ങനെ കുറിച്ചു ^'ഒടുവില്‍ ഞങ്ങള്‍ നേടി'. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് മാറി അയാള്‍ വാര്‍ത്തയിലും ഒരു പ്രക്ഷോഭകാരിയാവുകയായിരുന്നു. പിന്നാലെ അവിടെ രംഗം പകര്‍ത്താനെത്തിയവരും ഖോനിമിന്റെ കുടുംബക്കാരും ഈജിപ്തിന്റെ ദേശീയഗാനം ആലപിച്ചു. സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗോനിം പറഞ്ഞു^ 'ഈജിപ്തിന്റെ യഥാര്‍ഥ പ്രശ്നം പരിഹരിക്കപ്പെട്ടു'.
ടുണിഷ്യയിലും ഈജിപ്തിും ഇറാനിലും മാമ്രല്ല. അസര്‍ ബൈജാനിലും മൊറോക്കോയിലും സ്വാതന്ത്യ്രസമരനായകര്‍ ട്വിറ്ററുകളും ഫേസ്ബുക്കുകളുമായിരുന്നു. പോരാട്ടങ്ങള്‍ ആരംഭിക്കെ തന്നെ മൊറോക്കോയിലെ ഫേസ്ബുക്^ട്വിറ്റര്‍ അക്കൌണ്ടുകളില്‍ സര്‍ക്കാര്‍ കയറിപറ്റിയിരുന്നു. കൃത്യമായ വിലാസങ്ങളില്‍ അക്കൌണ്ട് തുറക്കുന്നവര്‍ ഇപ്പോള്‍ നോട്ടപ്പുള്ളികളാണ്. അതുകൊണ്ട് ഫേസ്ബുക്കിലും ചെഗുവേരെ മാതൃകയില്‍ ഒളിപ്പോരാണ്് നടക്കുന്നത്. മുബാറക് വിജയിച്ചിരുന്നുവെങ്കില്‍ കൃത്യമായ വിലാസത്തോടെ മുബാറക്കിനും ഭരണത്തിനുമെതിരെ ഫേസ്ബുക്കിലിട്ട ഫോട്ടോകളും ചുവരെഴുത്തുകളും അവര്‍ക്കു തന്നെ ബുദ്ധിമുട്ടാകുമായിരുന്നു. 2008ല്‍ മൊറോക്കോ രാജകുമാരനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കിലെഴുതിയ ഫുവാദ് മുര്‍തസയെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മേല്‍വിലാസം തങ്ങള്‍ അധികൃതര്‍ക്കു കൊടുത്തതല്ലെന്ന് ഫേസ്ബുക്കധികൃതര്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ സൂക്ഷ്മ പരിശോധനയിലൂടെ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ഫേസ്ബുക് വഴി നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നുവെന്നത് അതിന്റെ ഗുണമോ, ദോഷമോ ആകാം. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി അജ്ഞാതരോട് നടത്തുന്ന ചാറ്റിങ്ങിലും ശ്രദ്ധിക്കാന്‍ ഏറെയുണ്ട്. ഇനി ഫോസ് ബുക്കില്‍ സുഹൃത്തുക്കളെ സ്വീകരിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ നോട്ടപ്പുള്ളികളായിരിക്കാം അവര്‍. ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് സാമൂഹിക പ്രവര്‍ത്തകരാണ്. ഫേസ്ബുക് ഉപയോഗിക്കുന്നവരില്‍ മിക്കവരും അവര്‍ നടത്തിയ യാത്രയുടെ വിവരങ്ങളും ഫോട്ടോകളും ഇടുന്നത് പതിവാണ്. അത് അവരെ തന്നെ നിങ്ങളെ തന്നെ കുരുക്കിലാക്കിയേക്കാം. സ്വന്തം രാജ്യത്തെ പൌരന്മാരെ രാജ്യവും നിങ്ങളുടെ തന്നെ സുഹൃത്തുക്കളും ഒറ്റിക്കൊടുക്കുന്ന കാലം അതിവിദൂരമല്ല.
'സാമൂഹിക മാധ്യമങ്ങള്‍ വഴി സംഭവിക്കുന്ന അപകടങ്ങളും നേട്ടങ്ങളും തുലാസില്‍ വെച്ചാല്‍ ഭാരക്കൂടുതല്‍ നേട്ടങ്ങള്‍ക്കായിരിക്കും. എന്നാല്‍ അപകടങ്ങളെ കാണാതിരുന്നുകൂടാ. ഞാനിതെഴുതിയതിനാല്‍ വിപ്ലവരംഗത്തുനിന്ന് സാമൂഹിക മാധ്യമങ്ങള്‍ പിന്‍വലിയരുത്. സമരപാതയില്‍ മുന്നേറുമ്പോള്‍ സുരക്ഷിതപാത സ്വീകരിക്കുക.'ബോസ്റ്റണിലെ പ്രശസ്ത എഴുത്തുകാരിയും ബ്ലോഗറും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജില്ലിയന്‍ യോര്‍ക്ക് അല്‍ജസീറയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്.
ബദല്‍ മാധ്യമങ്ങള്‍ വഴി യുവത്വം തുറന്നുവിട്ട പശ്ചിമേഷ്യന്‍ വിപ്ലവങ്ങളെ വളരെ ആവേശത്തോടെയാണ് ലോകം ഉറ്റുനോക്കിയത് എന്നതില്‍ തര്‍ക്കമില്ല. നവയുഗ മാധ്യമങ്ങള്‍ വഴിയുള്ള സാമൂഹിക പരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയ സാധ്യതകളും പരിശോധിക്കപ്പെടുന്നു. എന്നാല്‍ ഈ വിപ്ലവങ്ങള്‍ റഷ്യന്‍, ക്യൂബന്‍, ചൈനീസ് വിപ്ലവങ്ങളുമായി താരതമ്യപ്പെടുത്താനാണ് വലതുപക്ഷ ബുദ്ധിജീവിവര്‍ഗം താല്‍പര്യപ്പെടുന്നത്. വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചൈനയും ക്യൂബയും റഷ്യയുമെടുത്ത കാലയളവിനെ കളിയാക്കുന്നു. ക്യൂബയും ചൈനയും ജാസ്മിന്‍ വിപ്ലവത്തെ ഇന്റര്‍ നെറ്റില്‍ നേരിടുന്നതിനെ പരിഹസിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളും ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന വിപ്ലവങ്ങളും തമ്മിലെ പ്രകടമായ വ്യത്യാസം രാഷ്ട്രീയം തന്നെയാണ്. പൊളിട്ടിക്സ് 2.5 വിപ്ലത്തിന്റെ പ്രധാന ന്യൂനത അതിന് പൊളിട്ടിക്സ് ഇല്ലയെന്നതു തന്നെയാണ്. സൌഹൃദ കൂട്ടായ്മകളുടെ സാധ്യതയാണ് വിപ്ലത്തിന്റെ മുന്നില്‍ നിന്നത്. രാജ്യത്ത് കാലങ്ങളായി നിന്ന അസംതൃപ്തി ഒരു ബദല്‍ ചിന്തക്ക് രൂപം നല്‍കിയില്ല. കമ്മ്യൂണിസ്റ്റുകാര്‍, തീവ്ര ഇസ്ലാമിസ്റ്റുകള്‍, മിതവാദികള്‍, ജനാധിപത്യവാദികള്‍ എന്നിവരെല്ലാം അവരുടെ പ്രതിഷേധം ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തുകയായിരുന്നു. വ്യവസ്ഥയെ മാറ്റുകയെന്നതിനപ്പുറം ഭരണാധികാരിയെ മാറ്റുകയെന്ന ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. വ്യവസ്ഥ മാറണം എന്ന ചിന്തയായിരുന്നു മുന്നിലുള്ളതെങ്കില്‍ ഈ വിപ്ലവം നടക്കുമോയെന്ന് പരിശോധിക്കാവുന്നതാണ്. പ്രക്ഷോഭങ്ങള്‍ നടന്ന ഇടങ്ങളിലെ അനന്തരപാഠങ്ങള്‍ എന്തായിരുന്നുവെന്ന് അന്വേഷിക്കുമ്പോള്‍ ഇത് വ്യക്തമാകും. ചുരുങ്ങിയ കാലയളവിലാണ് പ്രക്ഷോഭങ്ങളുടെ കൂട്ടായ്മ പിറന്നത്. ഇതില്‍ പങ്കെടുത്ത ഒരാള്‍ക്കും മറ്റൊരാളുടെ രാഷ്ട്രീയ നിലപാട് എന്താണ് എന്ന് അറിയുമായിരുന്നില്ല. വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്നവരാണ് പലരാജാക്കന്‍മാരും അവര്‍ക്കെതിരെ നടന്നത് പ്രതിവിപ്ലവം എന്ന്പോലും പറയാമോ എന്നത് പഠനാര്‍ഹമാണ്. പട്ടിണി, തൊഴിലില്ലായ്മ, ചൂഷണം എന്നിവ ഒരു വ്യവസ്ഥിതിയുടെ നിര്‍മ്മിതിയാണെന്നും അത് ഒരു ഭരണാധികാരി മാറിയതുകൊണ്ടോ സമാനഭരണകൂടം നിലവില്‍ വന്നതുകൊണ്ടോ അവ മാറില്ലെന്നും ബദല്‍ ചിന്തതന്നെ അനിവാര്യമെന്നുമുള്ള ദീര്‍ഘവീക്ഷണമാണ് കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളൂടെ അന്തധാര. ഈ രാഷ്ട്രീയ ബോധം നീണ്ടകാലയളവിലൂടെ സംഘടനാപരമായി വളര്‍ത്തിയെടുത്താണ് റഷ്യയും ക്യൂബയും ചൈനയുമൊക്കെ മാറിയത്. ഈ വ്യവസ്ഥകളെ ഒരു ഫേസ്ക്കിന് എളുപ്പത്തില്‍ അട്ടിമറിക്കാന്‍ ആവില്ല. ചൈന ജാസ്മിന്‍ വിപ്ലവത്തെ നെറ്റില്‍ അടിച്ചമര്‍ത്തുവെന്ന് ലാഘവത്തോടെ പറയരുതാത്തത് അതുകൊണ്ടാണ്.